ന്യൂഡൽഹി: പൊതുയിടങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കണമെന്ന ഉത്തരവിനെതിരായ മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻപ് നൽകിയ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. മൃഗക്ഷേമ ബോർഡ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്ത ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തള്ളിയത്.
കോടതി വിധി മൂന്ന് ഭാഗങ്ങളായി പുറപ്പെടുവിച്ചു. തെരുവ് നായ നിയന്ത്രണ നടപടികൾ ശക്തമാക്കണമെന്നും വിമാനത്താവളങ്ങളുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ അതീവ ഗൗരവമായി കാണുന്നുവെന്നും രാജ്യത്തെ സംഭവങ്ങളുടെ കണക്കുകൾ ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു.
ഓരോ ജില്ലയിലും പൂർണമായി പ്രവർത്തിക്കുന്ന മൃഗജനന നിയന്ത്രണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും പേവിഷ പ്രതിരോധ വാക്സിനേഷൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തെരുവ് നായ പ്രശ്നം ഗുരുതരമായ നിലയിലെത്തിയത് സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയാണെന്നും കോടതി വിമർശിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
മൃഗജനന നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കാത്തത് നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും കോടതി വിലയിരുത്തി. മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന നായകളെ നീക്കം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശങ്ങളുടെ നടപ്പാക്കൽ ഹൈക്കോടതികൾ നിരീക്ഷിക്കണമെന്നും, അതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും വിധിയിൽ പറയുന്നു.






