തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നാളെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനാണ് നിലവിൽ പരിഗണിക്കുന്നത്.
പദ്ധതിയെക്കുറിച്ച് വിശദമായ തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഏത് ബസുകളിൽ ആനുകൂല്യം ലഭിക്കും, എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കും, ജില്ലാതിരിച്ചുള്ള പരിധികൾ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും പരിഗണനയിലാണ്. ഗതാഗത മന്ത്രി നാളെ വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ രൂപരേഖ ചർച്ച ചെയ്യുമെന്നാണ് വിവരം.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പെടെ സൗജന്യ യാത്രയ്ക്ക് പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്. പദ്ധതി നടപ്പായാൽ കെഎസ്ആർടിസിക്ക് പ്രതിമാസം ഏകദേശം 60 കോടി രൂപയുടെ സബ്സിഡി സർക്കാർ നൽകേണ്ടി വരുമെന്നാണ് കണക്ക്.
പ്രതിദിനം ഏകദേശം 12 ലക്ഷം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ. കർണാടകയിൽ എസി, സ്ലീപ്പർ ബസുകൾ ഒഴിവാക്കി സൗജന്യ യാത്ര നടപ്പാക്കിയതും തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രം ആനുകൂല്യം നൽകുന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം സ്ത്രീ യാത്രക്കാരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബാധ്യത സംബന്ധിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്. കെഎസ്ആർടിസിക്ക് നിലവിൽ ശമ്പള വിതരണത്തിനായി തന്നെ സർക്കാർ വലിയ തുക അനുവദിക്കുന്ന സാഹചര്യത്തിൽ, അധിക ചെലവ് എങ്ങനെ വഹിക്കുമെന്നത് ചർച്ചയായിട്ടുണ്ട്.
അതേസമയം, സ്വകാര്യ ബസുടമകൾ പദ്ധതിയെ എതിർക്കുകയാണ്. സ്ത്രീ യാത്രക്കാർ കൂടുതലായി കെഎസ്ആർടിസിയിലേക്ക് മാറിയാൽ സ്വകാര്യ ബസുകളുടെ പ്രവർത്തനം ബാധിക്കുമെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ പുതിയ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ചർച്ച നടക്കും.






