മുണ്ടിനീര് (മംപ്‌സ്), മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കം വരുന്നതാണ് പ്രധാന ലക്ഷണം. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങൾ.
പകരുന്നത് എങ്ങനെ?
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ അവയവങ്ങളെ രോഗം ബാധിക്കാം. രോഗ ലക്ഷണങ്ങൾ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ ചിലപ്പോൾ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം.
സ്കൂൾ, കളിസ്ഥലം തുടങ്ങി കുട്ടികൾ കൂട്ടമായി വരുന്നിടങ്ങളിൽ വേഗം പടരും. രോഗം മാറുന്നത് വരെ വീട്ടിനുള്ളിൽ കഴിയുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാർഗം. രോഗബാധിതർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കുക.


