മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് വിഞ്ജുഷയ്ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
വിഞ്ജുഷയെയും മകൻ സയാൻ സിദ്ധിനെയും ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും വീട്ടിൽ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ ഫോൺ വീട്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് 12.45ഓടെ വീടിന് സമീപത്തെ കിണറ്റിലാണ് ഇരുവരെയും കണ്ടെത്തിയത്. മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
കുഞ്ഞിനെ ചേർത്തുപിടിച്ച് കിണറിന്റെ പടവിൽ പിടിച്ച നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിഞ്ജുഷ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.


