തിരുവനന്തപുരം: ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലി അന്വേഷണത്തിന് നേതൃത്വം നൽകും.
2023 ഡിസംബറിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു രക്ഷാപ്രവർത്തനമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിച്ചത്.





