മസ്‌കറ്റ്: കസ്റ്റംസ് കാര്യക്ഷമതയിലും ക്ലിയറൻസ് വേഗതയിലും ആഗോളതലത്തിൽ ഒമാൻ ഒമ്പതാം സ്ഥാനത്തെത്തി. ലോക ബാങ്കിന്റെ 2025ലെ ലോജിസ്റ്റിക്‌സ് പ്രകടന സൂചികയിലാണ് ഒമാൻ ഈ നേട്ടം സ്വന്തമാക്കിയത്. 2023ലെ റാങ്കിങ്ങിനെ അപേക്ഷിച്ച് ഗണ്യമായ മുന്നേറ്റമാണ് രാജ്യം കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഡിജിറ്റൽ പരിവർത്തന രംഗത്തെ പുരോഗതി, കസ്റ്റംസ് നടപടിക്രമങ്ങളുടെ ലളിതീകരണം, വ്യാപാര സൗകര്യ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തൽ എന്നിവയാണ് നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുകയും പ്രോസസിങ് സമയം കുറയ്ക്കുകയും ചെയ്തതും റാങ്കിങ്ങിൽ ഗുണമായി.
അന്താരാഷ്ട്ര വിവര കൈമാറ്റ സംവിധാനങ്ങളുടെ വികസനം, സ്മാർട്ട് റിസ്‌ക് മാനേജ്മെന്റ് സംവിധാനം, പ്രീ-ക്ലിയറൻസ് സംവിധാനങ്ങൾ, ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറൻസ് നടപടികൾ എന്നിവയും ഒമാന്റെ മുന്നേറ്റത്തിന് സഹായകമായി.
രാജ്യത്തിന്റെ ഏകജാലക കസ്റ്റംസ് പ്ലാറ്റ്‌ഫോമായ ‘ബയാൻ’ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും നടപടിക്രമങ്ങൾ ഏകീകരിക്കുകയും ചെയ്തതോടെ പ്രവർത്തന കാര്യക്ഷമത ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.






