ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് ജനപ്രീതി നേടി കോക്രോച്ച് ജനതാ പാർട്ടി. നിലവിലെ കണക്കുകൾ പ്രകാരം ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന് 8.7 മില്യൺ ഫോളോവേഴ്‌സ് ഉള്ളപ്പോൾ സിജെപിക്ക് 10.2 മില്യൺ ഫോളോവേഴ്‌സുണ്ട്. വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടം. അഭിജീത് ദിപ്കെ എന്ന 30-കാരനാണ് കോക്രോച്ച് ജനത പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റും.
ഇപ്പോഴിതാ, ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചു ശ്രദ്ധ നേടി മുന്നേറുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ലെന്ന് അഭിജിത് സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
അതേസമയം, കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയിട്ടുണ്ട്. ‘ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് നിങ്ങൾ കരുതിയോ?’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. കോക്ക്രോച്ചസ് ഡോണ്ട് ഡൈ എന്നും അക്കൗണ്ടിന്റെ ബയോയിൽ നൽകിയിട്ടുണ്ട്. അക്കൗണ്ട് തുടങ്ങി 20 മിനിറ്റിനുള്ളിൽത്തന്നെ 2700ൽ അധികം ഫോളോവർമാരെ കിട്ടിയിട്ടുണ്ട്.






