വേനൽ മാറി മഴക്കാലത്തിലേക്ക് കടക്കുകയാണ്. ഇത് രോഗങ്ങളുടെ കാലമാണ്. കൊതുക് പരത്തുന്ന ഡെങ്കിപ്പനിയാണ് പ്രധന വില്ലൻ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
ഇത് ശ്രദ്ധിക്കണം
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നിവ അപകട സൂചനകളാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
കൊതുകിനെ തുരത്തണം
കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം വൃത്തിയാക്കണം. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.






