തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാട്ടായിക്കോണം സ്വദേശിയായ അരുൺ വിജയ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടം നടന്നത്. ഓമന നഗർ ഇടറോഡിൽ നിന്ന് കാട്ടായിക്കോണത്തെ പ്രധാന റോഡിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ഫിറ്റ്സ് വന്നതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലേക്ക് ഇടിച്ചുമറിഞ്ഞതായി പറയുന്നു.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ അർജുനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുവളപ്പിൽ സംസ്കരിക്കും. അർജുൻ വിജയ് ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരനായിരുന്നു. ഭാര്യ അഥീനദേവി ചേങ്കോട്ടുകോണം എസ്.എൻ. പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. ശനിയാഴ്ച ഇവരുടെ രണ്ടാം വിവാഹ വാർഷികമായിരുന്നു.




