ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ നടപടികളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഐഐടി മദ്രാസിലെ പ്രൊഫസർ ഉൾപ്പെടെയുള്ള സംഘത്തെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തിയത്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധിയിൽ വെബ്സൈറ്റിൽ ഉണ്ടായ തകരാറുകളും അപേക്ഷാ നടപടികളിലെ തടസ്സങ്ങളും പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഫീസ് അടയ്ക്കൽ, ഉത്തരക്കടലാസ് പകർപ്പ് ലഭിക്കൽ തുടങ്ങിയ ഘട്ടങ്ങളിലാണ് വിദ്യാർത്ഥികൾ വലിയ പ്രശ്നങ്ങൾ നേരിട്ടത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വിഷയത്തിൽ സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. സാങ്കേതിക വീഴ്ചകളും വിദ്യാർത്ഥികളുടെ പരാതികളും പരിശോധിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാമെന്നും സൂചനയുണ്ട്.
പല വിദ്യാർത്ഥികൾക്കും ഫീസ് അടച്ചിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാത്തതും, ചില ഉത്തരക്കടലാസുകളിൽ ശരിയായ ഉത്തരങ്ങൾക്കും പൂജ്യം മാർക്ക് നൽകിയതും വലിയ ആശങ്കയ്ക്ക് കാരണമായി. ഇതോടെ ഫലം റദ്ദാക്കി വീണ്ടും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാക്കി.
പുതിയ അപേക്ഷ നൽകേണ്ടതില്ലെന്നും എല്ലാ അപേക്ഷകരും നടപടികൾ പൂർത്തിയാക്കുമെന്നും, അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.




