ബെംഗളുരു: കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൺവേയിൽ നീങ്ങിയിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു.
ചെന്നൈയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ 6017 വിമാനത്തിലാണ് സംഭവം ഉണ്ടായത്. റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കിറക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവള ടെർമിനലിലേക്ക് മാറ്റി ആവശ്യമായ സഹായങ്ങൾ നൽകി.
യാത്ര തുടരുന്നതിനായി മറ്റൊരു വിമാനം ഒരുക്കിയതായും യാത്രക്കാർക്ക് കാത്തിരിപ്പ് സമയത്ത് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകിയതായും കമ്പനി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.






