നമ്മുടെ നാട്ടിലെ ജനപ്രിയ വിഭവമായ മുരിങ്ങയോട് ‘നോ’ പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയ. മുരിങ്ങ ഭക്ഷ്യോൽപന്നമായോ മറ്റ് പൗഡറുകളായോ വിൽക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയൻ വിപണിയിൽ ഇനി മുരിങ്ങ ഉൽപ്പന്നങ്ങൾ കിട്ടില്ല. ഭക്ഷ്യോൽപ്പന്നങ്ങൾക്കായുള്ള മുരിങ്ങാക്കൃഷിയും നിരോധിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് നിരോധനം?
ഫുഡ് സ്റ്റാൻഡേർഡ്‌സ് ആസ്ട്രേലിയ ന്യൂസിലാൻഡ് (എഫ്എസ്എഎൻഇസെഡ്) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയൻ സർക്കാർ മുരിങ്ങ ഭക്ഷണമായി വിൽക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചത്. ഒരു ഭക്ഷ്യ ഉൽപ്പന്നമെന്ന നിലയിൽ മുരിങ്ങയുടെ (മൊറിംഗ ഒലിഫെറ) സുരക്ഷ സ്ഥിരീകരിക്കാൻ മതിയായ ഡാറ്റ ഇല്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഒരു ഭക്ഷണമായോ ഭക്ഷ്യ ഘടകമായോ മുരിങ്ങ വിൽക്കാൻ സാധിക്കില്ല. ഭക്ഷ്യോൽപന്നമായി ഇറക്കുമതി ചെയ്യാനും കഴിയില്ല. മുരിങ്ങ ഇനിമുതൽ ഇവിടെ ഒരു ഭക്ഷ്യവിഭവമല്ല.
മുരിങ്ങയുടെ ഇല, വിത്ത്, തൊലി എന്നിവയും വിൽക്കാൻ പാടില്ല. മുരിങ്ങാ കർഷകർക്കും മുരിങ്ങയിൽ നിന്നുള്ള സപ്ലിമെന്റുകൾ നിർമിക്കുന്ന കമ്പനികൾക്കും തീരുമാനം തിരിച്ചടിയാണ്. ചരിത്രപരമായി ഓസ്‌ട്രേലിയയിൽ ഇല്ലാത്ത ഒരു സസ്യമാണ് മുരിങ്ങ. പിന്നീട് മറ്റിടങ്ങളിൽ നിന്ന് വൻകരയിലേക്ക് എത്തുകയും പ്രചാരം നേടുകയുമായിരുന്നു. ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും പരമ്പരാഗതമായി ആളുകൾ കഴിച്ചു ശീലമില്ലാത്ത ഭക്ഷണങ്ങളെ ‘നോവൽ ഫുഡ്’ എന്ന വിഭാഗത്തിലാണ് പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ പൊതുവിപണിയിൽ വിൽക്കണമെങ്കിൽ അവ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ രേഖകൾ ഗവൺമെന്റിന് സമർപ്പിക്കേണ്ടതുണ്ട്.






