മൂവാറ്റുപുഴ: അമേരിക്കയിലെ ജോര്‍ജിയയിൽ വിവാഹദിനത്തിൽ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. അപകടത്തിൽ വരനായ ഡേവ് ഫിജി (26)യും പൈലറ്റും മരിച്ചു. വധു ജെസ്‌നി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിലെ ഫിജി ജോർജിന്റെയും ഫേബയുടെയും മകനാണ് ഡേവ് ഫിജി. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായിരുന്ന ഡേവ് വിവാഹ സത്കാരത്തിന് ശേഷം വധുവിനൊപ്പം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയും മരച്ചില്ലയിൽ ഇടിച്ചതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് ബോധരഹിതയായ ജെസ്‌നി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബോധം വീണ്ടെടുത്ത് ഹെൽപ്‌ലൈനിൽ വിവരം അറിയിച്ചത്. ഡേവിന്റെ സംസ്കാരം വ്യാഴാഴ്ച അറ്റ്‌ലാന്റയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.






