തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്തെന്ന കേസിൽ പ്രതിയായ പോലീസുകാരന് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ പൊലീസിലെ സിവിൽ പോലീസ് ഓഫീസർ (സിപിഒ) അപ്പുവിനെയാണ് റൂറൽ എസ്പി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പോലീസ് അസോസിയേഷൻ നേതാവുകൂടിയായ അപ്പു കേസിലെ അഞ്ചാം പ്രതിയാണ്.
മേയ് 18-ന് പുലർച്ചെയായിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ അപ്പു ഉൾപ്പെടെയുള്ള അഞ്ചംഗസംഘവും കടയുടമയും തമ്മിൽ ഉണ്ടായ തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിനിടെ തന്റെ കഴുത്തിലുണ്ടായിരുന്ന 40,000 രൂപ വിലമതിക്കുന്ന മാല പൊട്ടിച്ചെടുത്തുവെന്നാണ് കടക്കാരന്റെ പരാതി. സംഭവത്തിൽ അപ്പു ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






