കഴിഞ്ഞ ദിവസങ്ങളിൽ മലയാള സാഹിത്യ ലോകത്ത് ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ച വിഷയമാണ് കെആർ മീരയുടെ പുതിയ പുസ്തകവും അതുമായി ബന്ധപ്പെട്ട് ഉയർന്ന പ്ലാജിയരിസം വിവാദങ്ങളും. ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെ പകര്‍പ്പാണെന്നതാണ് ആരോപണം. ഈ വിവാദങ്ങളെ നമുക്ക് തൽക്കാലത്തേക്ക് മാറ്റി നിർത്താം. ഈ പുസ്തകത്തിനും മുമ്പേ കുപ്രസിദ്ധമായ പേരാണ് കലാച്ചി. എന്താണത്? എങ്ങനെയാണ് ഇത്രയും കുപ്രസിദ്ധമായത്? ആ കഥയ്ക്ക് അത്രയേറെ പഴക്കമൊന്നുമില്ല…
വിശ്വ പ്രസിദ്ധ കൊളംബിയൻ എഴുത്താകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന നോവലില്‍, മക്കോണ്ട വിചിത്ര ഗ്രാമത്തെ ബാധിക്കുന്ന മറവിരോഗത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന ഭാഗങ്ങളുണ്ട്. അവിടെ ആളുകൾക്ക് ഒരു അപൂർവ്വ രോഗം വന്നതോടെ ഉറക്കം ഇല്ലാതാവുകയായിരുന്നു. പതിയെ പതിയെ അവരുടെ ഓർമ നശിക്കുന്നു, സാധനങ്ങളുടെ പേരും ഉപയോഗവും വരെ മറന്നുപോകുന്നു… മാർക്കേസിന്റെ ഭാവനയിലെ ഈ മാജിക്കൽ റിയലിസത്തെ റിയലാക്കി മാറ്റിയ ഒരു നാടിന്റെ പേരാണ് കലാച്ചി.
മക്കോണ്ടയോട് ഏതാണ്ട് സമാനമായിരുന്നു, മൂന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖിസ്ഥാനിലെ കലാച്ചി എന്ന ഗ്രാമക്കാരുടെ അവസ്ഥ. അവിടെ ഉറക്കം നഷ്ടപ്പെടുകയല്ല, പകരം എല്ലാ ജീവജാലങ്ങളും ഉറങ്ങിപ്പോവുകയായിരുന്നു. കലാച്ചി ഗ്രാമത്തില്‍ 2012 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പടർന്നുപിടിച്ച ആ വിചിത്ര രോഗത്തിന്റെ അടിസ്ഥാനത്തിലാണ് നോവല്‍ എന്ന് മീര പറയുന്നുണ്ട്. അതെ, തീർത്തും വിചിത്രമായ കാര്യങ്ങളായിരുന്നു അവിടെ അരങ്ങേറിയത്.
എവിടെ നോക്കിയാലും ഉറങ്ങുന്ന മനുഷ്യരെ മാത്രം കാണുന്ന കാലം. ഉത്തരമില്ലാതിരുന്ന ഈ പ്രതിഭാസങ്ങളെ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ‘സ്ലീപ്പി ഹോളോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2013 മാര്‍ച്ചിലാണ് കലാച്ചി ഗ്രാമത്തില്‍ ഈ വിചിത്രമായ ഉറക്കരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏകദേശം 2015 വരെ ഇത് വന്‍തോതില്‍ തുടര്‍ന്നു. ആളുകള്‍ ജോലി ചെയ്യുമ്പോഴും, സ്‌കൂളിലിരിക്കുമ്പോഴും, ബൈക്ക് ഓടിക്കുമ്പോഴും വരെ പെട്ടെന്ന് ബോധരഹിതരായി ഉറങ്ങിപ്പോകുമായിരുന്നു. എന്തിനേറെ, ലൈംഗികബന്ധത്തിനിടെപോലും ജനം ഉറങ്ങിയ കാലം എന്നാണ് പിന്നീട് അത് വിശേഷിക്കപ്പെട്ടത്! ചിലര്‍ രണ്ട് മുതല്‍ ആറ് ദിവസം വരെ തുടർച്ചയായി ഉറങ്ങി. ഉണരുമ്പോള്‍ കടുത്ത തലവേദന, ഓര്‍മ്മക്കുറവ്, അമിതമായ ക്ഷീണം, മസ്തിഷ്‌ക വീക്കം എന്നിവയായിരുന്നു അലട്ടിയത്. കുട്ടികളില്‍ ഇത് കടുത്ത വിഭ്രാന്തിക്കും കാരണമായി. ബാധിച്ചത് മനുഷ്യരെ മാത്രമല്ല, നായയും, പൂച്ച ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളും ഇരകളായി. അവരൊക്കെ നിന്ന് ദിവസങ്ങളോളം ഉറങ്ങി!
സ്ത്രീകള്‍ക്കായിരുന്നു പ്രശ്നങ്ങള്‍ ഏറെയും. മാസമുറ തെറ്റുക, ഗര്‍ഭചിദ്രം ഉണ്ടാവുക, ചാപിള്ളകള്‍ ജനിക്കുക എന്നിവയൊക്കെ രൂക്ഷമായി. തുടക്കത്തില്‍ ഇതൊരു അജ്ഞാത രോഗമാണെന്ന് കരുതി വൈറസ്, ബാക്ടീരിയ പരിശോധനകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 2015-ല്‍ കസാഖ് സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക അന്വേഷണത്തിലാണ് ഒരു നാടിനെ ഉറക്കിയ പ്രഹേളികയുടെ ചുരുളഴിയുന്നത്. കലാച്ചി ഗ്രാമത്തിന് സമീപം സോവിയറ്റ് കാലഘട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട ക്രാസ്‌നോഗോര്‍സ് എന്ന യുറേനിയം ഖനി ഉണ്ടായിരുന്നു. ഇതില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രോകാര്‍ബണുകളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് വല്ലാതെ കുറയുകയും, ശ്വസനത്തിലൂടെ കാര്‍ബണ്‍ മോണോക്സൈഡ് തലച്ചോറിലെ ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തപ്പോഴാണ് ആളുകള്‍ പെട്ടെന്ന് അബോധാവസ്ഥയിലായി ഉറങ്ങിപ്പോയത്.
സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്ത് ആണവായുധങ്ങള്‍ക്കും ഊര്‍ജ്ജ നിലയങ്ങള്‍ക്കുമായി യുറേനിയം ഖനനം ചെയ്തിരുന്ന അതീവ രഹസ്യ സ്വഭാവമുള്ള ഒരു താവളമായിരുന്നു ക്രാസ്‌നോഗോര്‍സ്. 1990-കളില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ഈ ഖനി ഉപേക്ഷിക്കപ്പെടുകയും ഇത് പ്രേതനഗരമായി മാറുകയും ചെയ്തു. ഈ വാതകങ്ങളാണ് തൊട്ടടുത്ത കലാച്ചി ഗ്രാമത്തിലേക്ക് പടർന്നത്.
ഇതോടെ ആ ഗ്രാമത്തിന്റെ തലവരയും മാറി. ഇന്ന് കലാച്ചി പഴയപോലെയല്ല. അവിടെ ആരും വസിക്കുന്നില്ല. ഖനിയില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡ് വാതക പ്രശ്നം, കസാഖ്സ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ, ജനങ്ങളെ അവിടെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇവിടുത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. അതോടെ കലാച്ചിയും ഏറെക്കുറെ ഒരു പ്രേതനഗരമായി മാറി. ഗ്രാമം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയ ആര്‍ക്കും പിന്നീട് ഈ ഉറക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. 2015-ന് ശേഷം കലാച്ചിയിലും പുതിയതായി ആര്‍ക്കും ഈ ഉറക്കരോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പഴയ പോലെ അവിടെ നിന്ന് വാതകം വമിക്കുന്നില്ല.
ഇതൊരു കലാച്ചിയുടെ മാത്രം കഥയല്ല. സോവിയറ്റ് യൂണിയന്റെ ആണവക്കൊതി നശിപ്പിച്ച അനേകം നഗരങ്ങളും ഗ്രാമങ്ങളും കസാഖിസ്ഥാൻ അടക്കമുള്ള മധ്യേഷ്യയിലെമ്പാടുമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് കസാഖിസ്ഥാന്‍. ശീതയുദ്ധകാലത്ത് ആണവായുധങ്ങള്‍ക്കായി വന്‍തോതില്‍ യുറേനിയം ഖനനം ചെയ്ത സോവിയറ്റ് യൂണിയന്‍, അതിന്റെ സുരക്ഷാ മാനദണ്ഡങ്ങളോ ശാസ്ത്രീയമായ സംസ്‌കരണ രീതികളോ പാലിക്കാതെയാണ് ഖനികള്‍ ഉപേക്ഷിച്ചുപോയത്. ഇവയെല്ലാം പിന്നീട് പലപ്പോഴായി ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഖനനത്തിന് ശേഷം അവശേഷിക്കുന്ന റേഡിയോ ആക്ടീവ് മലിനീകരണമുള്ള ദശലക്ഷക്കണക്കിന് ടണ്‍ അവശിഷ്ടങ്ങളാണ് തുറസ്സായ സ്ഥലങ്ങളില്‍ കുന്നുകൂട്ടിയിട്ടിത്. ഏകദേശം 200 മില്യണ്‍ ടണ്ണിലധികം റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ കസാഖിസ്ഥാനിൽ മാത്രം ഇത്തരത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
കസാഖിനെ ഒരു യുറേനിയം കോളനിയായിട്ടാണ് സോവിയറ്റ് ഭരണകൂടം കണ്ടത്. സാമ്രാജ്യം തകർന്നതിന് ശേഷം ലോകത്തെ രക്ഷിക്കുന്ന തരത്തിലുള്ള ആണവ നിരായുധീകരണ പ്രവർത്തനങ്ങളാണ് കസാഖിസ്ഥാൻ സർക്കാർ ചെയ്ത്. ഒരുപക്ഷേ ഇവിടെ അവശേഷിക്കുന്ന കോടികള്‍ വിലവരുന്ന യുറേനിയം തീവ്രവാദികളുടെ കൈയിലൊക്കെ എത്തിപ്പെട്ടിരുന്നെങ്കിൽ ലോകം തന്നെ നശിച്ചുപോകുമായിരുന്നു. അക്കാലത്തെ കസാഖ് ഭരണാധികാരികൾ നമ്മെ അതിൽ നിന്നെല്ലാം രക്ഷിച്ചെന്നും പറയാം.






