ഒരു ചായ കുടിച്ചാലോ അല്ലെങ്കിൽ ഒരു സാധാരണ വേദനസംഹാരി ഗുളിക കഴിച്ചാലോ മാറിപ്പോകുന്ന തലവേദനകളെ നമ്മൾ വലിയ ഗൗരവത്തോടെ എടുക്കാറുമില്ല. എന്നാൽ, എല്ലാ തലവേദനകളും അത്ര നിസാരമല്ല. ചില തലവേദനകൾ തലച്ചോറിനുള്ളിൽ ഒരു ബ്രെയിൻ ട്യൂമർ വളരുന്നുണ്ടെന്നതിന്റെ ആദ്യത്തെ അപായസൂചനയായിരിക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അക്കൂട്ടത്തിൽ ശ്രദ്ധിക്കേണ്ട തലവേദനകൾ ഇവയാണ്-
അതിരാവിലെയുള്ള കടുത്ത വേദന: പുലർച്ചെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന സമയത്ത് അനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. രാത്രി കിടക്കുമ്പോൾ തലച്ചോറിനുള്ളിലെ മർദം കൂടുന്നതാണ് ഇതിന് കാരണം. അകാരണമായി നിരന്തരം ഉണ്ടാകുന്ന ഓക്കാനവും, പ്രത്യേകിച്ച് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന ഛർദ്ദിയും ശ്രദ്ധിക്കണം.
കൂടിവരുന്ന അവസ്ഥ: ദിവസവും ആഴ്ചകളും കഴിയുന്തോറും ഈ വേദന കുറയുന്നതിന് പകരം അതിന്റെ തീവ്രത കൂടിക്കൂടി വരികയും വിട്ടുമാറാതാവുകയും ചെയ്യും
പാരസെറ്റമോൾ ഫലിക്കില്ല: സാധാരണയായി നമ്മൾ കഴിക്കാറുള്ള വേദനസംഹാരികൾ എത്ര കഴിച്ചാലും ബ്രെയിൻ ട്യൂമർ മൂലമുള്ള തലവേദനയ്ക്ക് ഒരു കുറവും ഉണ്ടാകാറില്ല
തലച്ചോറിന്റെ നിയന്ത്രണം തകരാറിലാകുന്നതോടെ നേരെ നടക്കാൻ കഴിയാതെ വരിക, നടക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ചരിഞ്ഞുപോവുക, സംസാരിക്കുമ്പോൾ വാക്കുകൾ വിക്കുക തുടങ്ങിയവ അപകടകരമാണ്.
ഒരിക്കൽ പോലും അപസ്മാര ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികൾക്ക് പ്രായമാകുമ്പോൾ പെട്ടെന്ന് ഫിറ്റ്സ് ഉണ്ടാകുന്നത് ട്യൂമറിന്റെ ശക്തമായ സൂചനയാകാം. വ്യക്തിയുടെ സ്വാഭാവിക സ്വഭാവത്തിലും മാനസികാവസ്ഥയിലും പെട്ടെന്ന് വലിയ വ്യത്യാസങ്ങൾ പ്രകടമാകുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.
ഇവയെല്ലാം കാണുമ്പോൾ ഉടൻ വൈദ്യസഹായം തേടണം. ഒട്ടും വൈകാതെ ഒരു ന്യൂറോളജിസ്റ്റിനെയോ വിദഗ്ധ ഡോക്ടറെയോ കണ്ട് എംആർഐ അല്ലെങ്കിൽ സിടി സ്കാൻ പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്. കൃത്യമായ സമയത്ത് രോഗനിർണയം നടത്തുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.




