തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടിയുടെ വീഴ്ചകൾ സമ്മതിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ കമ്മിറ്റി ഈ വിഷയം സ്വയം വിമർശനമായി ഉയർത്തിയതായും സംസ്ഥാന കമ്മിറ്റി അത് അംഗീകരിച്ചതായും എം വി ഗോവിന്ദൻ വ്യക്തമാക്കി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ ശക്തമായി പ്രതിരോധിച്ചില്ലെന്ന ധാരണ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ പാർട്ടി നേരത്തെ തന്നെ തള്ളിപ്പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം വിരുദ്ധ പ്രസ്താവനകളെതിരെ പാർട്ടി നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, വിഷയത്തിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിൽ പോരായ്മ സംഭവിച്ചതായി സ്വയം വിമർശനത്തിന്റെ ഭാഗമായി അംഗീകരിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.






