തെലങ്കാന: കർണാടകയിലെ ദാവൺഗരെയിലെ യലോദഹള്ളിയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ. യുവതിയെ ബോധരഹിതമാക്കിയതിന് ശേഷമാണ് ക്രൂരത നടന്നത്. യുവതിക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയിരുന്നു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. പിന്നാലെ ബോധം നഷ്ടപ്പെട്ട 41കാരിയെ ഇവർ ചന്നഗിരി താലൂക്കിലെ യലോദഹള്ളി എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കൂട്ടുകാരെയും വിളിച്ചുവരുത്തി. ഇവരും യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു.
തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.






