മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രയേൽ. ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ രാജ്യത്ത് ശിവജിയുടെ പ്രതിമ സ്ഥാപിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച നടന്ന ശിവ രാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.
ശിവജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി ഇന്ത്യൻ ജനതയെ ഇസ്രയേലികളുമായി ബന്ധിപ്പിക്കുമെന്ന് റെവാച്ച് പറഞ്ഞു.’ഛത്രപതി ശിവജി മഹാരാജിന്റെ സ്വാധീനം എന്താണെന്നും അദ്ദേഹം ഇന്ത്യക്ക് എത്രത്തോളം പ്രധാനമാണെന്നും ഞങ്ങൾ കൃത്യമായി മനസ്സിലാക്കുന്നു. മഹാരാജിന്റെ ഒരു വലിയ പ്രതിമ നിർമ്മിച്ച് ഇസ്രയേലിലേക്ക് അയക്കുക എന്നതാണ് ആശയം. ഇതൊരു സാധാരണ പദ്ധതി എന്നതിലുപരി ദീർഘകാലത്തേക്കുള്ള ഒന്നായിരിക്കും. ഈ പദ്ധതിയിലൂടെ ഇന്ത്യൻ ജനത ഇസ്രയേൽ ജനതയുമായുള്ള ബന്ധം ശക്തമാകും. ഇസ്രയേലിലെ വലിയ നഗരങ്ങളിലൊന്നിൽ ഇത് സ്ഥാപിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്,’- വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞു.






