കാസർകോട്: കുണ്ടംകുഴിയിൽ ശക്തമായ മഴയെത്തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. പൊയിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡം റോഡ് ആണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വലിയ ആഴത്തിലാണ് പിളർന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെയുണ്ടായ കനത്ത മഴയ്ക്കിടെ വലിയ ശബ്ദത്തോടെ റോഡ് പിളർന്നതെന്നു സമീപത്തെ വ്യാപാരികൾ പറഞ്ഞു.






