തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന യാത്രയ്ക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ടു ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രി ബസിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് ലഭിക്കുന്നതു പോലും വാർത്തയാകുന്ന അവസ്ഥയാണ് നിലവിലെ പ്രശ്നമെന്ന് മന്ത്രി വിമർശിച്ചു. കഴിഞ്ഞ 10 വർഷമായി ഈ സാഹചര്യം തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെൻഷൻകാരെയും ജീവനക്കാരെപ്പോലെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. “ജോലി ചെയ്തവരുടെ അവകാശമാണ് പെൻഷൻ” എന്നതും സർക്കാർ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി പെൻഷൻ വിഷയവും ശമ്പള വിതരണവും സർക്കാർ പ്രധാനമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയ്ക്ക് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ഈ സൗകര്യം ലഭ്യമാകുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.





