തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതിന് സർക്കാർ പറഞ്ഞ വാദം പൊളിയുന്നു. സർക്കാർ ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി റീന എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രണ്ടര ദിവസത്തെ അവധിയാണ് റീന എടുത്തത്. രണ്ടര ദിവസത്തെ അവധി എടുക്കുന്നുവെന്ന് ആവശ്യപ്പെട്ടുള്ള റീനയുടെ അവധി അപേക്ഷയും മാധ്യമങ്ങൾക്ക് ലഭിച്ചു.
അതേസമയം തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്ന് റീന പറഞ്ഞു. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ശബരിമലയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് പറഞ്ഞിട്ടില്ല. ഇതൊരു നടപടിയായി തോന്നുന്നു’, റീന പറഞ്ഞു.





