കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദന് മൊബൈൽ ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരിൽ മന്ത്രി സണ്ണി ജോസഫിനൊപ്പമുള്ള ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ പി.വി. ജയനാണ് ഫോൺ കോൾ സ്വീകരിച്ചത്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ജയിലിൽ പോകുന്നത് തങ്ങൾക്ക് പ്രശ്നമല്ലെന്നും, നിലവിലെ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നുമാണ് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനിടെ അസഭ്യവാക്കുകളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു.
ഫോൺ നമ്പർ പരിശോധിച്ചപ്പോൾ കോൾ തിരുവമ്പാടി സ്വദേശിയുടെ നമ്പറിൽ നിന്നാണെന്ന് കണ്ടെത്തിയതായും പി.വി. ജയൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും സമാനമായ രീതിയിൽ ഭീഷണി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിനെ വിമർശിച്ച് എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വ്യാഴാഴ്ച കണ്ണൂരിൽ വാർത്താസമ്മേളനം നടത്തിയിരുന്നു.
സംഭവത്തിൽ പി.വി. ജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




