കൊച്ചി: വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി ഉൾപ്പെടുത്തിയതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരള വഖഫ് ബോർഡിന് നോട്ടീസ് നൽകി. അഞ്ചു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
എന്നാൽ, 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിന് ശേഷമേ മറുപടി നൽകൂവെന്ന് ബോർഡ് ചെയർമാൻ കെ എസ് ഹംസ അറിയിച്ചു. വിഷയത്തിൽ വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം മറുപടി നൽകുമെന്നും സൂചനയുണ്ട്.
ഫാറൂഖ് കോളേജ് മുതവല്ലിയുടെ ഭൂമിയുമായി ബന്ധപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ചാണ് മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന് ബോർഡ് വിശദീകരിക്കുന്നു. കഴിഞ്ഞ മാസം വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടന്നത്. മുനമ്പത്തെ 404 ഏക്കർ തർക്കഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതിനെതിരെ കേന്ദ്ര സർക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വഖഫ് ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം സംബന്ധിച്ച് ഇരുപക്ഷവും നിയമപരമായ നിലപാടിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.





