കൊല്ലം: കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുട്ടി സൈക്കിളിൽ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കരുനാഗപ്പള്ളി നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
കന്നേറ്റി കായലിന് സമീപം സ്ഥാപിച്ച ക്യാമറയിലും ബിലാലിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതോടെ കുട്ടി സൈക്കിളിൽ കായൽക്കര വരെ എത്തിയതായി വ്യക്തമായി. കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തിയ കന്നേറ്റി കായലിന് സമീപം ഇന്നും തെരച്ചിൽ തുടരുകയാണ്.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ. വീട്ടിൽനിന്ന് കളിക്കാനായി പുറത്തുപോയ കുട്ടി തിരിച്ചെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഫയർഫോഴ്സും പൊലീസും സംയുക്തമായി കന്നേറ്റി കായലിൽ തെരച്ചിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടി സഞ്ചരിച്ച വഴിയും തുടർന്നുള്ള നീക്കങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.




