തിരുവനന്തപുരം: പട്ടത്ത് മെത്ത ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ശക്തമായ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല.
ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.




