ഹൈദരബാദ്: ഹൈദരാബാദിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ എടുത്ത് യുവതി അപ്പാർട്ട്മെന്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മിയാപൂരിലെ മയൂരി നഗറിലുള്ള ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സോഫ്റ്റ്വെയർ എഞ്ചിനീയറായ ഇഷ സാഹു (37) ആണ് മരിച്ചത്. അതേസമയം, വീഴുന്നതിനിടെ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറിയ കുഞ്ഞ് അത്ഭുതകരമായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവം നടന്ന ഉടൻ അപ്പാർട്ട്മെന്റിലെ താമസക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് കുഞ്ഞിനെ കെ.പി.എച്ച്.ബി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
എന്നാൽ ഉയരത്തിൽ നിന്ന് വീണ ഇഷ സാഹുവിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഇഷ കഴിഞ്ഞ ഏതാനും മാസങ്ങളായി ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള ഗുരുതരമായ ഉറക്കസംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി കണ്ടെത്തി. ദീർഘകാലമായുള്ള ഈ ബുദ്ധിമുട്ടുകൾ മാനസിക സമ്മർദ്ദത്തിനും വിഷമങ്ങൾക്കും കാരണമായിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികൾ ഉൾപ്പെടെ വിശദമായ വിവരശേഖരണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.





