വിഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ വിക്കറ്റാണ് വീണിരിക്കുന്നത്. തുടക്കം വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫിന്റെ അഡീഷണൽ പി എസ് ആയി എത്തിയ ബെന്നി തോമസിന്റെ രാജിയായിരുന്നു. ബന്ധുനിയമന വിവാദം ശക്തമായതോടെയാണ് സഹോദരിയുടെ ഭർത്താവുകൂടിയായ ബെന്നി രാജിവച്ചൊഴിഞ്ഞത്. രണ്ടാമത് ദേവസ്വം സ്പെഷ്യൽ പ്ലീഡറായി എത്തിയ കെ ബി പ്രദീപും രാജിവച്ചൊഴിഞ്ഞിരിക്കയാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ളൊരു സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കെ ബി പ്രദീപിനെ നിയമിച്ചതെന്നും, ക്യാബിനറ്റ് തീരുമാനം താൻ അംഗീകരിക്കുകമാത്രമാണ് ഉണ്ടാതെന്നുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണത്തോടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തിര നീക്കമുണ്ടായത്. നിയമനം സംബന്ധിച്ച് ഭരണകക്ഷിയിൽ തന്നെ അസംതൃപ്തിയുയർന്നതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലാവുകയായിരുന്നു.
പ്രതിഭാഗം വക്കീലിനെ പ്ലീഡറായി നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന വാദവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനും, മുൻ ദേവസ്വം മന്ത്രി വി എൻ വാസവനും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പെട്ടെന്ന് മുഖ്യമന്ത്രി കെ ബി പ്രദീപിനോട് രാജി ആവശ്യപ്പെട്ടത്. പുതിയ സർക്കാർ നിയമനങ്ങൾ നടത്തുന്നതിൽ സുതാര്യത പുലർത്തുന്നില്ലെന്നതിന്റെ തെളിവായാണ് ബന്ധു നിയമനവും പ്ലീഡർ നിയമനവും എതിരാളികൾ ഉയർത്തിക്കാട്ടുന്നത്.
കെ പി സി സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് കേരളത്തിലെ മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയതോടെ പാർട്ടി ഇടപെടുകയായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും പേരാവൂർ നിയോജക മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായി ബെന്നിയെ നിയമിച്ചതിൽ ഒരു അപാകതയും ഇല്ലെന്ന നിലപാടിലായിരുന്നു മന്ത്രി. പാർട്ടിയുടെ പ്രമുഖ നേതാവ് എന്ന നിലയിലാണ് താൻ നിയമനം നടത്തിയതെന്ന് തുടക്കത്തിൽ വാദിച്ചെങ്കിലും കെ പി സി സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ ബെന്നി തോമസ് രാജിവെക്കാൻ സന്നദ്ധമാവുകയായിരുന്നു. ഇതോടെ വിഷയം അവസാനിച്ചുവെങ്കിലും സി പി എം അളിയൻ വിഷയം ഉയർത്തിക്കാട്ടിയത് സർക്കാരിനും കോൺഗ്രസ് പാർട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.
ശബരിമല വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ച യു ഡി എഫ് അധികാരത്തിൽ എത്തിയതോടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കയാണ് എന്നും, കള്ളന് ചൂട്ടുപിടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. ദേവസ്വം പ്ലീഡർ നിയമനവിവാദം കോൺഗ്രസിലും ഭിന്നതയുണ്ടാക്കിയിരിക്കയാണ്. ദേവസ്വം മന്ത്രി അറിയാതെ എങ്ങിനെയാണ് വകുപ്പിൽ ഇത്തരമൊരു നിയമനം നടന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം. മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും, താൻ അന്നത്തെ ക്യാബിനറ്റിൽ പങ്കെടുത്തിരുന്നില്ലെന്നുമാണ് മന്ത്രി കെ മുരളീധരൻ പറയുന്നത്. മുഖ്യമന്ത്രി കെ ബി പ്രദീപിനെ പാർട്ടിയോ, വകുപ്പുമന്ത്രിയോ അറിയാതെ നിയമിച്ചുവെന്നാണ് ധ്വനി. ഇത് വി ഡി സതീശന് കുരുക്കാവും. ബന്ധു നിയമന വിവാദത്തേക്കാൾ ഗുരുതരമായ ആരോപണമാണ് ദേവസ്വം പ്ലീഡർ നിയമനവുമായി ഉയർന്നിരിക്കുന്നത്.
ഐ പി എസ് തലത്തിൽ ഉണ്ടായ മാറ്റങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കയാണ്. ജൂനിയറായ ഓഫീസർമാർക്ക് മാനദണ്ഡങ്ങൾ മറികടന്ന് ഉയർന്ന തസ്ഥികകളിൽ നിയമനം നൽകിയത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് ഐ പി എസ് ഓഫീസേഴ്സിന്റെ ആരോപണം. സംസ്ഥാന പൊലീസ് മേധാവിയും സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കയാണ്. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ പ്രതിഷേധം ശക്തമായിരിക്കുന്നത്. പൊലീസ് മേധാവി രവത ചന്ദ്രശേഖർ ഉടൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും. ഇത് സർക്കാരിനേയും ആഭ്യന്തരവകുപ്പിനേയും കൂടുതൽ പ്രതിരേധത്തിലാക്കുന്ന നടപടിയാണ്. സാധാരണ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായാൽ പൊലീസ്, ഐ പി എസ് തലത്തിൽ സമൂലമായ അഴിച്ചുപണി സ്വാഭാവികമാണ്. ഇത്തരം മാറ്റങ്ങളെ പൊലീസ് ഉന്നതർ എതിർക്കുക പതിവില്ല.
എന്തായാലും തുടക്കത്തിൽ തന്നെ വിവാദങ്ങളും രാജിയുമൊക്കെ ഉണ്ടാവുന്നത് സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.





