മൈൻപുരി: 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 22കാരന് ജീവപര്യന്തം കഠിനതടവ് ശിക്ഷ. ഉത്തർപ്രദേശിലെ മൈൻപുരിയിലെ പ്രത്യേക പോക്സോ കോടതിയാണ് കരൺ എന്ന അലോകിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പ്രതിചേർത്ത ഇയാളുടെ പിതാവിനെയും സുഹൃത്തിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
2025 മേയ് 15നാണ് മൈൻപുരിയിലെ ബെവാറിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന 16കാരിയെ കരൺ എന്ന അലോകും കൂട്ടാളിയും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടി നിലവിളിച്ചതോടെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകത്തിന് ശേഷം കരൺ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ ശേഷം പിതാവിനെ വിളിച്ച് മകൾ ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബെവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖാമൂലമുള്ള തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി ജഹേന്ദ്ര പാൽ സിങ് വിധി പ്രസ്താവിച്ചത്. പ്രധാന പ്രതിയായ കരൺ എന്ന അലോക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.


