ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.
കെങ്കേരിയിലെ രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപം നടന്ന അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇരുവരും കെങ്കേരിയിലെ ബിജിഎസ് നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളായിരുന്നു.






