ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാവുകയാണ്. മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള എസ് ഐ ടിയുടെ തീരുമാനത്തോടെ ശബരിമല വാർത്താ മാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചാവിഷയമായി ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം അധ്യക്ഷനും സി പി എം നേതാവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്.
2025 ൽ സന്നിധാനത്തെ കട്ടിളപ്പാളി സ്വർണം പൂശാനായി കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ദേവസ്വം മുൻ അധ്യക്ഷനേയും ദേവസ്വം ബോർഡ് മെമ്പറേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
ഇതിനു മുൻപ് പി എസ് പ്രശാന്തിനെ എസ് ഐ ടി രണ്ടുതവണ ചോദ്യം ചെയ്തുവിട്ടയക്കുകയായിരുന്നു. എന്നാൽ പി എസ് പ്രശാന്തിന്റെ കാലത്ത് ചില വീഴ്ചകൾ സംഭവിച്ചതായുള്ള ആരോപണം ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി എസ് ഐ ടി വിളിപ്പിച്ചിരിക്കുന്നത്.
ശബരി മല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ തൃപ്തനല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് എസ് ഐ ടി അന്വേഷണം കൂടുതൽ കർശനമാക്കാനായി തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്നും, ഉടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നുമായിരുന്നു പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നത്. എന്നാൽ ഉടനൊന്നും അന്വേഷണം അവസാനിക്കില്ലെന്നാണ് വ്യക്തമാവുന്നത്. അന്വേഷണം കൂടുതൽ പേരിലേക്ക് നീണ്ടാൽ അന്വേഷണ റിപ്പോർട്ട് വീണ്ടും ശക്തിപ്പെടുത്താനായി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാവാനായി ദേവസ്വം ബോർഡ് അംഗമായിരുന്ന അജിത്തിനും നോട്ടീസ് നൽകിയിരിക്കയാണ്.
ഇതിനിടയിലാണ് സ്വർണപ്പാളി മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ശബരിമലയിലെ സ്വർണക്കൊള്ളയിൽ ആരോപണ വിധേയനായ സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് അധ്യക്ഷനുമായിരുന്ന എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങുകയാണ് പാർട്ടി നേതൃത്വം. കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തപ്പോൾ തന്നെ എ പത്മകുമാറിനെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും കുറ്റപത്രം വരാതെ ഒരാൾ കുറ്റവാളിയാവില്ലല്ലോ എന്നായിരുന്നു.
സ്വർണക്കൊള്ളയിൽ സർക്കാർ കർശനമായ നടപടി സ്വീകരിച്ചു എന്നായിരുന്നു എം വി ഗോവിന്ദന്റെ നിലപാട്. ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ. എ പത്മകുമാറിനെ ചുമതലകളിൽ നിന്നും മാറ്റി നിർത്തിയെങ്കിലും ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റി നിർത്താൻ തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നടപടികളിലേക്ക് കടക്കാതിരിക്കാൻ പാർട്ടി നേതൃത്വം ശ്രദ്ധിച്ചിരുന്നു. കുറ്റപത്രം സർക്കാരിന്റെ മുന്നിലോ, കോടതിയിലോ എത്തുന്നത് വൈകുമെന്നാണ്.
2025 ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷനും ചേർന്ന് പുറത്തുകൊണ്ടുപോയിരുന്നു. ഇത് 2019 ലെ സ്വർണക്കൊള്ളയുടെ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നായിരുന്നു ആരോപണം. മുൻ അധ്യക്ഷൻ പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിവയരേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
അന്വേഷണത്തെ ഭയമില്ലെന്നും ശരിയായ പ്രതികളിലേക്ക് അന്വേഷണം എത്തുമെന്നാണ് പി എസ് പ്രശാന്ത് പറയുന്നത്. സ്വർണം കൊണ്ടുപോയതിൽ വീഴ്ചയില്ല എന്നാണ് മുൻ ദേവസ്വം അധ്യക്ഷൻ പറയുന്നത്. എല്ലാം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്, നിങ്ങൾ എന്തു ശ്രമങ്ങൾ നടത്തിയാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്നെ ബന്ധിപ്പിക്കാൻ കഴിയില്ല എന്നാണ് പി എസ് പ്രശാന്ത് പറയുന്നത്.
ഭരണം മാറിയ സാഹചര്യത്തിൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എന്തു മാറ്റമാണ് സംഭവിക്കുക എന്ന് വ്യക്തമല്ല.
കോൺഗ്രസ് വിട്ട് സി പി ഐ എമ്മിൽ ചേർന്ന പി എസ് പ്രശാന്തിനെ മൂന്നു വർഷം മുൻപാണ് തിരുവിതാംകൂർ ദേവശ്വം ബോർഡിന്റെ അധ്യക്ഷനായി നിയമിക്കുന്നത്. മുൻ അധ്യക്ഷന്മാരായ എ പത്മകുമാറും, എൻ വാസുവും എസ് ഐ ടിയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ടു. എ പത്മകുമാർ മുൻ എം എൽ എയും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് എ പത്മകുമാറിനെതിരെ പാർട്ടി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന്. കോടതി കുറ്റക്കാരനായി കണ്ടെത്താത്ത സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.
എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയെത്തുടർന്ന് പാർട്ടി വേദികളിൽ അതിരൂക്ഷമായ വിമർശനമാണ് എ പത്മകുമാറിനെ സംരക്ഷിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇക്കാര്യത്തിൽ അടുത്ത ദിവസം തീരുമാനം കൈക്കൊള്ളും. പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെന്നാണ് അറിയുന്നത്.





