ഹൂസ്റ്റൺ: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ 4 തവണ ലോക ചാംപ്യൻമാരായ ജർമനി ഇന്നു രാത്രി 10.30ന് ഇറങ്ങുന്നത് അഞ്ചാം കിരീടം സ്വപ്നം കണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ക്ഷീണം മാറ്റുക എന്നതാണ് ആദ്യ വെല്ലുവിളി. എതിരാളികൾ ഈ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കുഞ്ഞൻ രാഷ്ട്രമായ ക്യുറസാവോ ആണെന്നതാണ് ശ്രദ്ധേയം. അതിനാൽ തന്നെ ഒരു അട്ടിമറിക്കുള്ള സാധ്യതകൾ വിരളമാണ്. ഇനി അങ്ങനെ സംഭവിച്ചാസ്‍ അത് ചരിത്രമാകും.
യൂലിയൻ നാഗൽസ്മാൻ പരിശീലിപ്പിക്കുന്ന ജർമനിയുടേത് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കേളീശൈലിയാണ്. മുന്നേറ്റ നിരയ്ക്കു കരുത്തു പകരുന്നത് ഫ്ലോറിയൻ വിർറ്റ്സ്, ജമാൽ മുസിയാല, കായ് ഹാവെർട്സ് എന്നിവരാണ്. 4-2-3-1 എന്ന ഫോർമേഷനിൽ ഹൈപ്രസിങ്ങിലൂടെ തുടക്കത്തിൽ തന്നെ ഗോളുകൾ നേടാനാകും നാഗൽസ്മാൻ ശ്രമിക്കുക.
എഴുപത്തെട്ടുകാരനായ വെറ്ററൻ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ക്യുറസാവോ ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ്. പ്രതിരോധത്തിലൂന്നിയ 5-4-1 ഫോർമേഷനിൽ കടുത്ത ലോബ്ലോക്ക് ശൈലിയിലാകും ക്യുറസാവോ കളിക്കുക.





