തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുന്നതിനായി സൈനിക സേവനത്തിൽ നിന്ന് വിരമിച്ച 1,000 പേരെ ഹോം ഗാർഡുകളായി നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടിക്കും ഉൾപ്പെടെ ഇവരെ വിന്യസിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനെ ആധുനികവൽക്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയും സർക്കാർ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ഫയർ സ്റ്റേഷനുകൾ, ഉദ്യോഗസ്ഥർ, ഫയർമാൻമാർ എന്നിവരെ നിയമിക്കുന്നതിനും നടപടികൾ പുരോഗമിക്കുകയാണ്.
ഉയർന്ന കെട്ടിടങ്ങളിലെ തീപിടുത്തങ്ങൾ നേരിടാൻ സ്‌കൈ ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങും. കൂടാതെ ദുരന്തനിവാരണ ബോധവൽക്കരണം, സിവിൽ ഡിഫൻസ് പരിശീലനം, സെൽഫ് ഡിഫൻസ് പരിശീലനം എന്നിവയും വ്യാപിപ്പിക്കും.
റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ ശക്തമാക്കും. കുട്ടികൾക്കും ഫ്‌ളാറ്റ് നിവാസികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതിയും സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഫയർ ഫോഴ്‌സ് മേധാവി നിതിൻ അഗർവാളും പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രനും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.




