മെക്സിക്കോ സിറ്റി: ഒരാൾ ഒരേ സമയം ചെകുത്താനും ദൈവവുമായ ഒരു മത്സരം, അതായിരുന്നു 1986 മെക്സിക്കൻ ലോകകപ്പിലെ ജൂൺ 22ന് നടന്ന അർജന്റീന – ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടം. ഇന്നേക്ക് 40 വർഷം മുമ്പ് എസ്റ്റേഡിയോ ആസ്റ്റെകയായിരുന്നു വേദി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ 51-ാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ വന്നു. സ്വന്തം ഗോൾകീപ്പർക്ക് ഇംഗ്ലീഷ് പ്രതിരോധ താരം നൽകിയ പാസ് പിഴച്ചു, പന്ത് ലക്ഷ്യമാക്കി കുതിച്ച ഡീഗോ മറഡോണ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ കാഴ്ചക്കാരനാക്കി കൈ കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു. ഇംഗ്ലീഷ് താരങ്ങൾ ഹാൻഡ് ബോൾ അപ്പീൽ നടത്തിയെങ്കിൽ റഫറി അലി ബിൻ നാസറോ ലൈൻസ്മാനോ തീരുമാനം മാറ്റിയില്ല. അർജന്റീന ഒരു ഗോളിന് ലീഡെടുത്തു.
വില്ലനായ മറഡോണ ദൈവമായി മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അതും വെറും നാല് മിനുട്ടിന്റെ ഇടവേളയിൽ. 11 സെക്കൻഡ് സമയം, 60 മീറ്റർ ദൂരം, അഞ്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങൾ, കാലിൽ പന്ത് കൊരുത്ത് മറഡോണ പിന്നീട് നടത്തിയത് കണ്ണഞ്ചിപ്പിക്കുന്ന ഒരു നീക്കമായിരുന്നു. പീറ്റർ ഷിൽട്ടന് യാതൊരു പിടിയും കൊടുക്കാതെ പന്ത് വീണ്ടും വലയിലെത്തി. മത്സരം അർജന്റീന 2-1ന് ജയിച്ചു. സെമിയിൽ ബെൽജിയത്തെ വീഴ്ത്തി മുന്നേറിയ അവർ ഫൈനലിൽ ജർമനിയെ കീഴടക്കി കിരീടമുയർത്തി.
ചില ചരിത്രങ്ങൾ വീണ്ടും ആവർത്തിക്കപ്പെടും. 40 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… അതേ ജൂൺ 22ൽ മറ്റൊരു ലോകകപ്പ് വേദിയിൽ അർജന്റീന ഇന്ന് ഓസ്ട്രിയക്കെതിരെ ബൂട്ടുകെട്ടാനിറങ്ങുന്നു. അന്ന് പച്ചപ്പുല്ലിൽ വിസ്മയം തീർത്ത ഡീഗോയുടെ പിൻഗാമിയായി, സാക്ഷാൽ ലയണൽ മെസ്സി പന്തുമേന്തി നിൽക്കുമ്പോൾ കാലം 40 വർഷങ്ങൾക്കിപ്പുറം ആ വൃത്തം അങ്ങനെ പൂർത്തിയാവുകയാണ്. ഇന്ന് മിശിഹായുടെ കാലിൽ നിന്ന് പിറക്കുമോ മറ്റൊരു ചരിത്രം?




