കോഴിക്കോട്: ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനിയായ മോളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് മോളിയെ കാർ ഇടിച്ചത്. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഇവർ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






