ഇനി പാസ്പോർട്ട് കയ്യിലുണ്ട് എന്ന് കരുതി ഇന്ത്യക്കാരൻ ആവണമെന്ന് നിർബന്ധമില്ല! ഇന്ത്യൻ പാസ്പോർട്ട് വെറുമൊരു ‘യാത്രാരേഖ’ മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന വേളയിൽ പാസ്പോർട്ട് ഒരാളുടെ ദേശീയതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതിനെ പൗരത്വ അവകാശങ്ങൾ സ്ഥാപിക്കാനുള്ള രേഖയായി കാണാനാകില്ലെന്നാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യയിലെ പാസ്പോർട്ട് ഉടമകളിൽ പത്ത് ശതമാനത്തോളം പേർ ചിപ്പ് അധിഷ്ഠിതമായ ‘ഇ-പാസ്പോർട്ടുകൾ’ ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇവ വ്യാജ പാസ്പോർട്ടുകൾ നിർമ്മിക്കുന്നത് തടയും.
14-ാമത് പാസ്പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രാലയത്തിന്റെ ഈ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായുള്ള പ്രത്യേക തീവ്ര പുനരവലോകനം നടക്കുന്ന പശ്ചാത്തലത്തിൽ, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ അത് ചോദ്യം ചെയ്യാൻ പാസ്പോർട്ട് തെളിവായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- സൈദ്ധാന്തികമായി പറഞ്ഞാൽ പാസ്പോർട്ട് മറ്റ് പൗരത്വ രേഖകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദേശയാത്രകളിൽ ഇത് നിങ്ങളുടെ ദേശീയതയെ വ്യക്തമാക്കുന്നുണ്ടെങ്കിലും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയായി ഇതിനെ കണക്കാക്കാനാകില്ല എന്നാണ്.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്. പാസ്പോർട്ടും പറ്റുന്നില്ലെങ്കിൽ പിന്നെ ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് കപില് സിബല് ചോദിക്കുന്നു. ബിജെപി വിജയിക്കാൻ എന്തും ചെയ്യുമെന്നും ഇതും അതിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയിലേക്ക് പോകുമെന്ന സൂചനയും അദ്ദേഹം നൽകുന്നു. ഇന്ന് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള ഏക മാർഗ്ഗം ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആകുക എന്നത് മാത്രമാണെന്ന് തോന്നുന്നുവെന്നും മറ്റൊന്നും ഇവിടെ വിലപ്പോകില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറയുന്നു. പാസ്പോര്ട്ട് നല്കുന്ന വ്യക്തി പൂര്ണമായും ഇന്ത്യന് പൗരനാണെന്ന് ബോധ്യപ്പെടാതെയാണോ പാസ്പോര്ട്ട് നല്കുന്നതെന്ന് രചയിതാവ് ജാവേദ് അക്തറും ചോദിച്ചു.
എന്നാൽ ഇത് ഇന്നും ഇന്നലേയും തുടങ്ങിയ നിയമമല്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമംഎന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ, ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന കൃത്യമായ രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും 2009-ലെ പൗരത്വ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. ഈ ചട്ടങ്ങൾ 1955-ലെ പൗരത്വ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആധാർ, പാൻ കാർഡ് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുടെ രേഖകൾ പരിശോധിച്ച്, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്ത്യൻ പാസ്പോർട്ട് അനുവദിക്കുന്നത്. എന്നാൽ ആധാർ കാർഡ് പോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും അത് കേവലം വ്യക്തിത്വം തെളിയിക്കാനുള്ള രേഖ മാത്രമാണെന്നും അടുത്തിടെ സുപ്രീംകോടതി വിധിച്ചതോടെ വലിയൊരു ചോദ്യമാണ് ഉയരുന്നത്. പിന്നെ ഏതാണ് ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള ഒരു ഔദ്യോഗിക രേഖ? ജനനം വഴിയുള്ള പൗരത്വം, വംശപാരമ്പര്യം വഴിയുള്ള പൗരത്വം, രജിസ്ട്രേഷൻ വഴിയുള്ള പൗരത്വം , നാച്ചുറലൈസേഷൻ വഴിയുള്ള പൗരത്വം , ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നത് വഴിഎന്നിങ്ങനെ അഞ്ച് രീതികളിലാണ് 1955-ലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത്.
ആധാർ, വോട്ടർ ഐഡി എന്നിവയുടെ സ്ഥിതിയെന്ത്?
പാസ്പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെയുള്ളത് ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് തുടങ്ങിയവയാണ്. എന്നാൽ ഇവയെല്ലാം തിരിച്ചറിയൽ രേഖകളോ മറ്റ് നിർദ്ദിഷ്ട ആവശ്യങ്ങൾക്കുള്ളവയോ മാത്രമാണെന്ന് സർക്കാർ വൃത്തങ്ങളും നിയമങ്ങളും വ്യക്തമാക്കുന്നു.
ഇന്ത്യയിൽ താമസിക്കുന്നവർക്ക് നൽകുന്ന ഒരു തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്നതിനുള്ള രേഖയുമാണ് ആധാർ. ഇത് ഒരിക്കലും പൗരത്വം തെളിയിക്കുന്നില്ല എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ തന്നെ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുപോലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം നൽകുന്ന രേഖ മാത്രമാണ് വോട്ടർ ഐഡിയും. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെടുന്നത് പൗരത്വം നഷ്ടപ്പെടുന്നതിന് തുല്യമല്ലെന്നും, ജനപ്രാതിനിധ്യ നിയമപ്രകാരം നൽകുന്ന വോട്ടർ ഐഡി പൗരത്വത്തിന്റെ കൃത്യമായ തെളിവായി കണക്കാക്കാനാകില്ലെന്നും സുപ്രിം കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാൻ കാർഡ് ആണെങ്കിൽ നികുതി സംബന്ധമായ ആവശ്യങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും മാത്രമുള്ള ഒരു രേഖയാണ്.
നിലവിൽ, ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ എല്ലാ പൗരന്മാർക്കുമായി നൽകുന്ന ഒരൊറ്റ ‘സിറ്റിസൺഷിപ്പ് കാർഡ്’ ഇല്ല എന്നതാണ് യാഥാർഥ്യം. 1955ലെ പൗരത്വ നിയമം പ്രകാരം വിവിധ രേഖകളുടെയും സാഹചര്യങ്ങളുടെയും സംയോജനത്തിലൂടെയാണ് പൗരത്വം തീരുമാനിക്കപ്പെടുന്നത്. 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയിൽ ഇന്ത്യയിൽ ജനിച്ചവർക്ക് അവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും രേഖയായി. മാതാപിതാക്കളുടെ പൗരത്വം ഇതിൽ പ്രശ്നമല്ല. 1987 ജൂലൈ 1ന് ശേഷം ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റിനൊപ്പം മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖ കൂടി ആവശ്യമാണ്.
2004 ഡിസംബർ 3ന് ശേഷം ജനിച്ചവരാണെങ്കിൽ, ജനനസമയത്ത് മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യക്കാരായിരിക്കണം, അല്ലെങ്കിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ നിയമവിരുദ്ധ കുടിയേറ്റക്കാരൻ അല്ലാത്തയാളും ആയിരിക്കണം. ഇനി സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് എന്നൊരു സംഭവമുണ്ട്. വിദേശികൾക്കും മറ്റും ആഭ്യന്തര മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷൻ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ എന്നിവയാണ് പൗരത്വത്തിന്റെ ഏറ്റവും കൃത്യമായ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ.
ചുരുക്കത്തിൽ, ഇന്ത്യയിൽ ഒരു വ്യക്തിയുടെ പൗരത്വം ജനന തീയതി, മാതാപിതാക്കളുടെ പൗരത്വ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമപരമായി തെളിയിക്കപ്പെടുന്നത്. ഏറ്റവും കർശനമായ പരിശോധനകൾക്ക് ശേഷം നൽകുന്ന പാസ്പോർട്ട് പോലും ഇതിന് അന്തിമ തെളിവല്ല എന്ന മന്ത്രാലയത്തിന്റെ വിശദീകരണം രാജ്യത്തെ പൗരത്വ നിയമങ്ങളുടെ സങ്കീർണതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.






