മലപ്പുറം: വേങ്ങര സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു.
സ്കൂബ ഡൈവിങ്ങിനിടെ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. തുടർന്ന് ഇർഫാൻ അവശനിലയിലായി. ഉടൻ കരയിലേക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കൊളംബോയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.






