അങ്കമാലി: അങ്കമാലി–നെടുമ്പാശ്ശേരി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശികളായ കബിൽ (24), ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിന്റെ പിന്നിലും തുടർന്ന് ലോറിയുടെ പിന്നിലും ഇടിച്ച് മറിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പ്രദേശം അപകടപ്രവണ മേഖലയാണെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് മറ്റൊരു അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.






