തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ രണ്ട് വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേന്നൻകോട് സ്വദേശി സുകുമാരനും ഓമനയുമാണ് മരിച്ചത്. ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരിച്ചതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം.
മണ്ണെണ്ണ പോലുള്ള ദ്രാവകം ദേഹത്ത് ഒഴിച്ച ശേഷം തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.




