തിരുവനന്തപുരം: പോത്തൻകോട് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ 40കാരൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെവെച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് എത്തി. മകളെ രക്ഷിക്കുന്നതിനിടെ പിതാവ് തടിക്കഷണം ഉപയോഗിച്ച് പ്രതിയെ അടിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയുടെ കാലിന് പരിക്കേറ്റു.
തുടർന്ന്, മുൻവൈരാഗ്യം മൂലമാണ് മർദിച്ചതെന്ന് ആരോപിച്ച് പ്രതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
പിന്നാലെയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെയാണ് പിതാവ് ഇടപെട്ടതെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




