ദുബായ്: ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
റോഡിന് നടുവിൽ ഒരു ബസിന് സാങ്കേതിക തകരാർ സംഭവിച്ച് വാഹനം നിൽക്കുകയായിരുന്നു. പിന്നാലെ എത്തിയ കാറിനും മറ്റ് രണ്ട് ബസുകൾക്കും സമയത്ത് വാഹനം ഒഴിവാക്കാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് ദുബായ് ട്രാഫിക് പൊലീസും അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. അപകടം നടന്ന ദിവസവും സമയവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.













