റിയാദ്: സൗദി അറേബ്യയിലെ റിയാദിലേക്ക് മടങ്ങുന്നതിനിടെ കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. സൗദി ഡ്രഗ് കൺട്രോൾ വിഭാഗമാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ തുടരുമെന്നുമാണ് കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചത്.
റിയാദിൽ നഴ്സായി ജോലി ചെയ്യുന്ന വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെ കാണാനില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അവധിക്ക് നാട്ടിലെത്തിയ ശേഷം റിയാദിലേക്ക് മടങ്ങിയ ഫിലോമിനയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
നാല് ദിവസം മുമ്പാണ് ഫിലോമിന അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയത്. ഈ മാസം പത്തിന് ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയിൽനിന്ന് കണക്ഷൻ വിമാനം വഴി റിയാദിലെത്താനായിരുന്നു പദ്ധതി.
യാത്രയ്ക്കിടെ രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടെന്നുമാണ് സന്ദേശത്തിൽ അറിയിച്ചത്. ഇതിന് പിന്നാലെ ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഫിലോമിനയെ സൗദി ഡ്രഗ് കൺട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തതായി വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.



