ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ സ്വർണവും പണവും കവർന്ന ശേഷം 55-കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരിയായ ലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. ജൂലൈ ഒന്നിന് നടന്ന സംഭവത്തിൽ 21 മണിക്കൂറോളം കിണറ്റിൽ കുടുങ്ങിക്കിടന്ന ശേഷമാണ് നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തിയത്.
ഫാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് അജ്ഞാതനായ പ്രതി ലക്ഷ്മിയെ ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും വെള്ളി പാദസരവും കൈവശമുണ്ടായിരുന്ന പണവും കവർന്നശേഷം ജലസേചനത്തിനായി ഉപയോഗിക്കുന്ന കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
കിണറിനുള്ളിലെ കയറിൽ പിടിച്ചാണ് ലക്ഷ്മി ആദ്യം ജീവൻ രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി കയർ മുറിച്ചശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നീന്തൽ അറിയാമായിരുന്ന ലക്ഷ്മി പിന്നീട് കിണറ്റിലുണ്ടായിരുന്ന മറ്റൊരു കയറിൽ പിടിച്ച് രാത്രി മുഴുവൻ അതിജീവിച്ചു.
മറുദിവസം രാവിലെ സഹായത്തിനായുള്ള നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ലക്ഷ്മിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ദിനേശ് റെഡ്ഡി എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ വാതുവയ്പ്പും വായ്പാ ബാധ്യതയും ഉൾപ്പെടെ ഏകദേശം നാല് ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നതായും, അത് തീർക്കാനാണ് കവർച്ച നടത്തിയതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷണത്തിനുശേഷം തിരിച്ചറിയപ്പെടാതിരിക്കാനാണ് ലക്ഷ്മിയെ കിണറ്റിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.












