ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേയോട് പരാജയപ്പെട്ട ബ്രസീൽ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. രണ്ടാം പകുതിയിൽ സൂപ്പർതാരം എർലിങ് ഹാളണ്ട് നേടിയ ഇരട്ടഗോളുകളാണ് നോർവേയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ നേടിയ ഗോളാണ് ബ്രസീലിന് ആശ്വാസമായത്.
ആദ്യ പകുതി ഇരു ടീമുകളും ഗോൾ നേടാതെ അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ നോർവേ ആക്രമണം ശക്തമാക്കി. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ഹെഡറിലൂടെ ഹാളണ്ട് നോർവേയെ മുന്നിലെത്തിച്ചു. തുടർന്ന് നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ, പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ഹാളണ്ട് ലീഡ് ഇരട്ടിയാക്കി.
ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്നു.
മത്സരത്തിൽ ബ്രസീലിന് നിരവധി മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഗോൾ നേടുന്നതിൽ ടീം പരാജയപ്പെട്ടു. 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമറായസ് പാഴാക്കിയപ്പോൾ, രണ്ടാം പകുതിയിൽ എൻഡ്രിക്കിനും മികച്ച അവസരം മുതലാക്കാനായില്ല. മറുവശത്ത്, മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോർവേ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് കാരണം ഗോൾ അനുവദിച്ചില്ല.
1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഘട്ടത്തിൽ പുറത്താകുന്നത്. അതേസമയം, ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന നോർവേ, ഈ വിജയത്തോടെ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് സൃഷ്ടിച്ചത്. ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിനെ കീഴടക്കിയ ആത്മവിശ്വാസത്തിൽ നോർവേ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനൊരുങ്ങും.











