തിരുവനന്തപുരം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. തിരുവനന്തപുരം ചാവടിനട സ്വദേശിനിയായ ഐശ്വര്യ (32)യാണ് മരിച്ചത്. ഇതേ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ജൂൺ 30-നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലി ചെയ്തിരുന്ന സ്വർണ പണയ സ്ഥാപനത്തിൽ നിന്ന് കേസിലെ പ്രതിയായ സിന്ധുവിന് ഐശ്വര്യ 50 പവൻ സ്വർണവും അഞ്ജു 20 പവൻ സ്വർണവും കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സ്വർണം പണയംവെച്ചവർ അത് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ സിന്ധു രാജ്യം വിട്ടിരുന്നു. തട്ടിപ്പ് പുറത്തറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിലായ ഐശ്വര്യയും അഞ്ജുവും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണത്തിന് സഹായകമായ നിരവധി തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. സിന്ധുവിനെതിരെ കൂടുതൽ പേരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും നിരവധി തട്ടിപ്പ് കേസുകളിൽ സിന്ധു പ്രതിയായിരുന്നുവെന്നാണ് വിവരം.











