കാസർകോട്: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആരോപിച്ച് കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തർസംസ്ഥാന റൂട്ടുകളുൾപ്പെടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതിന്റെ ഭാഗമായി ചില സ്വകാര്യ ബസുകൾ നേരത്തെ തന്നെ സർവീസ് നിർത്തിവെച്ചിരുന്നു.
കാസർകോട്–കർണാടക ബന്ധിപ്പിക്കുന്ന ഏഴ് പ്രധാന റൂട്ടുകളിൽ സ്ത്രീ യാത്രക്കാർ കൂടുതലായും കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നതെന്നും, സർക്കാർ നൽകുന്ന പ്രതിദിനം 115 രൂപയുടെ നഷ്ടപരിഹാരം മതിയാകുന്നില്ലെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
വരുമാനക്കുറവ് കാരണം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഉടമകൾ പറയുന്നു. ജില്ലയിലെ വെറും മൂന്ന് റൂട്ടുകളിലാണ് കെഎസ്ആർടിസി സർവീസ് ഇല്ലാത്തത്. അവയും ചെറിയ ദൂര സർവീസുകളായതിനാൽ കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഇതിനിടെ, സമാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പത്തനംതിട്ടയിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് ഉടമകൾ അറിയിച്ചു. തൃശൂരിൽ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ ജൂൺ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസുകൾക്ക് പ്രതിദിനം ഏകദേശം 3,000 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്നാണ് ഉടമകളുടെ വിലയിരുത്തൽ. ഈ നഷ്ടം പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ബസ് ഉടമകളും ജീവനക്കാരും ഉയർത്തുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കൂടുതൽ ബസുകൾ സർവീസ് നിർത്തുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ അപകടത്തിലാകുകയും ചെയ്യുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.











