ന്യൂഡൽഹി: ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നിർദ്ദേശിച്ചു. നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചതിനെ തുടർന്നാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്.
വിഎച്ച്പിയുടെ ദേശീയ അന്തർദേശീയ ജനറൽ സെക്രട്ടറിയാണ് ബജ്രംഗ്ലാൽ ബാഗ്ഡ. ട്രസ്റ്റ് അംഗമായ കൃഷ്ണമോഹന്റെയും പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. വിഎച്ച്പി ഇന്ദ്രപ്രസ്ഥ മേഖലാ സെക്രട്ടറി നീരജ് ദൗനേരിയയുടെ പേരും ട്രസ്റ്റ് അംഗമായി പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ചമ്പത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയും രാജിവെച്ചത്.
ഇതിനിടെ, രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അയോധ്യയിൽ ചേരുന്ന യോഗത്തിൽ രാജികൾ അംഗീകരിക്കുമെന്നാണ് സൂചന. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും യോഗത്തിലെ പ്രധാന അജണ്ടയാണ്. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മറ്റ് ഒഴിവുകളിലേക്കും ആരെ നിയമിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.


