ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ മൂന്ന് പേരും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. ജൂലൈ 24നാണ് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്.
രാജ്യസഭാ കാലാവധി അവസാനിക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെയാണ് മൂന്ന് നേതാക്കളും തൃണമൂൽ കോൺഗ്രസ് വിട്ടത്. സുഖേന്ദു ശേഖർ റോയുടെയും പ്രകാശ് ചിക് ബറൈക്കിന്റെയും കാലാവധി 2029 സെപ്റ്റംബർ വരെയും സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെയാണ് നേതാക്കളുടെ രാജി. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകർച്ച, ആരോഗ്യമേഖലയിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ വിമർശിച്ചാണ് സുഖേന്ദു ശേഖർ റോയ് രാജിവെച്ചത്.
2021ൽ കോൺഗ്രസിൽ നിന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ സുഷ്മിത ദേവ്, വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് പ്രകാശ് ചിക് ബറൈക്കും പാർട്ടി വിട്ടു.
മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് നേതാക്കളുടെ ബിജെപി പ്രവേശനം രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.












