കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പെൺകുട്ടിയെയും ഭർത്താവിനെയും നൽകിയ മേൽവിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സർക്കാർ കോടതിയെ വ്യക്തമാക്കി. പെൺകുട്ടിയുടെ പതിവ് രീതിയാണ് ഇതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രമേ ഇനി പൊലീസ് സുരക്ഷ നൽകേണ്ടതുള്ളൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഹർജി തള്ളിയത്.
കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം തുടരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി പൊലീസ് സംരക്ഷണം നീക്കിയത്.



