അമ്രേലി: ഗുജറാത്തിലെ അമ്രേലിയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 21 വയസുകാരൻ മരിച്ചു. സോഹിൽ മുൻജാവർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് സംഭവമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
സിംഹങ്ങൾ ഇണചേരുന്ന സമയത്തായിരുന്നു ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷെട്രുഞ്ചി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ പറഞ്ഞു. വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ആൺ സിംഹമാണ് സോഹിലിനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവാവിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് സ്ഥലത്തെത്തിയത്.
മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി ലിലിയയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവാവിനൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണവുമായി ബന്ധപ്പെട്ട ഏഴാമത്തെ സംഭവമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ സംഭവങ്ങളിലായി അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


